ലോകത്തിലെ ഏറ്റവും മിടുക്കരായ കുട്ടികളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ- അമേരിക്കൻ വിദ്യാർത്ഥിയായ പ്രീഷ ചക്രബൂർത്തി. 90 രാജ്യങ്ങളിലെ 16,000-ത്തിലധികം വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് ഒൻപത് വയസുകാരിയും പട്ടികയിൽ ഇടം നേടിയത്. ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് ആണ് ലോകത്തിലെ മിടുക്കരായ വിദ്യാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.
കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിംഗ് എലിമെന്ററി സ്കൂളിലെ ഗ്രേഡ് 3 വിദ്യാർത്ഥിനിയാണ് പ്രീഷ. 2023-ലാണ് യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് (JH-CTY) പരീക്ഷ എഴുതിയത്. SAT (സ്കോളസ്റ്റിക് അസസ്മെന്റ് ടെസ്റ്റ്), ACT (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), CTY ടാലന്റ് സെർച്ചിന്റെ ഭാഗമായുള്ള സ്കൂൾ, കോളേജ് എബിലിറ്റി ടെസ്റ്റ് തുടങ്ങിയവയിൽ അസാധാരണമായ പ്രകടനമാണ് പ്രീഷ കാഴ്ചവെച്ചത്. ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള 16,000-ലധികം വിദ്യാർത്ഥികളുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രീഷ പട്ടികയിൽ ഇടം നേടിയത്.
എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്കോടെയാണ് പ്രീഷ വിജയിച്ചത്. അഞ്ച് ഘട്ടമായി നടത്തിയ പരീക്ഷകളിലും 99-ാം ശതമാനം മാർക്കോടെ അഡ്വാൻസ്ഡ് ഗ്രേഡ് കരസ്ഥമാക്കിയതായി പത്രക്കുറിപ്പിൽ പറയുന്നു. ഉന്നത വിദ്യാർത്ഥികൾക്കായി ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് നൽകുന്ന ഗണിതശാസ്ത്രം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, എന്നീ പ്രോഗ്രാമുകളിലേക്ക് നേരിട്ട് പ്രീഷ യോഗ്യത നേടി. ഇതോടെ ജോൺസ് ഹോപ്കിൻസ് CTY-യുടെ 250-ലധികം ഓൺലൈൻ, ക്യാമ്പസ് പ്രോഗ്രാമുകൾ ചെയ്യാൻ പ്രീഷയ്ക്ക് കഴിയുന്നതാണ്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന IQ സൊസൈറ്റിയായ മെൻസ ഫൗണ്ടേഷന്റെ ആജീവനാന്ത അംഗമാണ് പ്രീഷ. സ്റ്റാൻഡേർഡ്, സൂപ്പർവൈസ്ഡ് ഇന്റലിജൻസ് ടെസ്റ്റുകളിൽ 98-ാം ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന ആളുകൾക്കാണ് അംഗത്വം ലഭിക്കുന്നത്. പഠനത്തിലേറെ അഭിനിവേശമുള്ളയാലാണ് പ്രീഷയെന്ന് മാതാപിതാക്കൾ പറയുന്നു. അസാധാരണമായ അക്കാദമിക് കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടിയാണ് അവളെന്ന് സ്കൂൾ അധികൃതരും പറയുന്നു. പഠനത്തിന് പുറത്ത് യാത്രകൾ, ആയോധന കലകൾ എന്നിവയാണ് പ്രീഷയുടെ ഇഷ്ട വിനോദങ്ങൾ.















