തൃശൂർ: ഗുരുവായൂരിൽ ഇന്ന് 65 വിവാഹങ്ങൾ നടക്കും. നിലവിൽ 30 വിവാഹങ്ങൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്താണ് അതി രാവിലെ വിവാഹങ്ങൾ നടന്നത്. ഇനിയും വിവാഹങ്ങൾ നടക്കാനുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. നവ ദമ്പതികളെ പ്രധാനമന്ത്രി നേരിട്ടെത്തി അനുഗ്രഹിക്കും.
ഗുരുവായൂർ ക്ഷേത്രത്തിലെേത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും പ്രധാനമന്ത്രിക്ക് സമ്മാനിക്കും. ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്നാണ് കലാസൃഷ്ടികൾ പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകുന്നത്.
പ്രശസ്ത ശിൽപി എളവള്ളി നന്ദനാണ് തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ശ്രീ ഗുരുവായൂരപ്പന്റെ ദാരുശിൽപം നിർമ്മിച്ചത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴും ശിൽപം സമ്മാനിച്ചിരുന്നു. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത്.