കൊച്ചി: സഹപ്രവർത്തകരെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. “നമസ്കാരം, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ, നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി” എന്നാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. കേരളത്തിൽ വലിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും പുതിയ ഡ്രൈ ഡോക്ക് ഭാരതത്തിന്റെ അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പ്രവർത്തകുടെ ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്ന നിങ്ങളുടെ ഇടയിൽ വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല അനുഭവമാണ്. വിപരീത പരിസ്ഥിതിയിലും കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രവർത്തകരുടെ പല തലമുറകൾ പാർട്ടിയുടെ പതാക ഉയരെ പാറിക്കുന്നതിൽ വിജയിച്ചു. രാഷ്ട്രീയ അക്രമങ്ങളുടെ ഇടയിലും പ്രത്യയ ശാസ്ത്രത്തോടും ദേശഭക്തിയോടും അചഞ്ചലമായ വിശ്വാസമർപ്പിച്ച് ആ പ്രവർത്തകരുടെ തലമുറയെ ഞാൻ ശിരസ് നമിച്ച് വണങ്ങുന്നു- അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ പ്രവർത്തകരുടെ കഴിവ് വളരെ വലുതാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന സ്ത്രീശക്തി സംഗമത്തിൽ ഇത് കാണാൻ കഴിഞ്ഞു. എന്റെ ജീവിതത്തിന്റെ വലിയ സമയം, ഞാൻ സംഘടനാ പ്രവർത്തനത്തിനായി ചെവഴിച്ചതാണ്. അതുകൊണ്ട് തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ സാധിക്കും, ഇതുപോലെ.യുള്ള വലിയ സമ്മേളനം, അത് നടത്തണമെങ്കിൽ ഒരു ശക്തമായ സംഘടനയ്ക്ക് മാത്രമേ സാധിക്കൂ. ഇത് നിങ്ങൾ കേരളത്തിൽ എത്രമാത്രം പരിശ്രമിക്കുന്നുവെന്ന് എന്ന് കാണിച്ചുതന്നു- പ്രധാനമന്ത്രി പറഞ്ഞു.