കൊല്ലം: തേക്ക് തടിയുടെ ചില്ലറ വിൽപ്പന ആരംഭിച്ച് തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന് കീഴിലെ കുളത്തൂപ്പുഴ ഗവൺമെന്റ് തടി ഡിപ്പോ. ജനുവരി 25 മുതലാണ് ചില്ലറ വിൽപ്പനകൾ ആരംഭിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വീട് പണിക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും മാത്രമേ ഇവിടെ നിന്നും തടി ലഭിക്കുകയുള്ളു.
ഒരു ഉപഭോക്താവിന് പരമാവധി അഞ്ച് ക്യുബിക് മീറ്റർ തേക്ക് തടിയാണ് വാങ്ങാൻ സാധിക്കുക. എന്നാൽ തടിവാങ്ങാൻ എത്തുന്നവർ ചില രേഖകൾ അധികൃതർക്ക് നൽകേണ്ടതുണ്ട്. വീട് നിർമ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാൻ, അനുമതിപത്രം, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ രേഖ, പാൻ കാർഡ് എന്നിവയും ഹാജരാക്കണം.
ജനുവരി 25 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഡിപ്പോയിൽ നിന്ന് തേക്ക് തടികൾ നേരിട്ടെത്തി വാങ്ങാവുന്നതാണെന്ന് വനം വകുപ്പ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.