ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുണ്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നേരത്തെ പുറത്തുവന്ന പോസ്റ്ററുകൾപോലെ തന്നെ വളരെ രസകരമായ പോസ്റ്ററാണ് ഇത്തവണയും എത്തിയിരിക്കുന്നത്. ഇതോടെ ചിത്രം ഒരു കോമഡി എന്റർടെയ്നർ ആയിരിക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. നവാഗതനായ റിയാസ് ഷെരീഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
View this post on Instagram
ഷൈൻ ടോം ചാക്കോ, അഭിരാം തട്ടത്തിൽ, എം.എസ് ഗോകുലൻ, ഷാജു ശ്രീധരൻ, ധർമജൻ, അൽത്താഫ് സലിം എന്നിവർക്കൊപ്പമുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. തല്ലുമാല എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യഗാനവും വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ വീണ്ടും ശക്തമായൊരു പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഫെബ്രുവരി 16 ന് തുണ്ട് തീയേറ്ററുകളിലെത്തും. ഇതിനോടകം ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാർ ഗാനരചന, ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിലും ബിജു മേനോൻ പോലീസ് വേഷത്തിലാണ് എത്തുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ബിജു മേനോനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.