ഇസ്ലാമാബാദ്: ഇറാനിലുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. പാകിസ്താൻ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും, ഒരിക്കലും നിശബ്ദരായിരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബലൂച് ലിബറേഷൻ ആർമി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. പാകിസ്താനിലെ ബലൂചിസ്ഥാനിലുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു പാകിസ്താന്റെ നീക്കം.
പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ സിസ്താൻ-ബലൂച് പ്രവിശ്യയിൽ പാകിസ്താൻ നടത്തിയ ആക്രമണം തങ്ങളുടെ ആളുകളെ ലക്ഷ്യമിട്ടായിരുന്നുവെന്നും, ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. ” പാകിസ്താൻ ഇപ്പോൾ നടത്തിയ നീക്കത്തിന് വലിയ വില നൽകേണ്ടി വരും. ബലൂച് ലിബറേഷൻ ആർമി ഒരിക്കലും നിശബ്ദരായിരിക്കില്ല. ഞങ്ങൾ തീർച്ചയായും ഇതിന് പ്രതികാരം ചെയ്യും. പാകിസ്താനെതിരെ ഞങ്ങൾ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും” ഇവർ വ്യക്തമാക്കി. പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയെ സ്വതന്ത്രമാക്കണം എന്നതാണ് ഈ സംഘടനയുടെ പ്രധാന ആവശ്യം.
കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ സുന്നി വിഘടനവാദി സംഘടനയായ ജെയ്ഷ് അൽ അദലിന്റെ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനിലെ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിനേയും, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയേയും ലക്ഷ്യമിട്ട് പാക് വ്യോമസേന ആക്രമണം നടത്തിയത്. തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തിയ തീവ്രവാദികൾക്ക് അഭയം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്റെ നീക്കം.















