തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22-ന് ഹാജരാകാനാണ് നിർദ്ദേശം. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചട്ടം ലംഘിച്ചു പണം വകമാറ്റി വകമാറ്റി ചെലവഴിച്ചുവെന്നുമാണ് കിഫ്ബിക്കെതിരെയും തോമസ് ഐസക്കിനെതിരെയുമുള്ള കേസ്.
ഒന്നര വർഷം മുൻപാണ് ഇഡി കേസിൽ അന്വേഷണം ആരംഭിച്ചത്. മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നതിനെ ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. തന്റെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നുവെന്ന് കാണിച്ച് ഇഡിക്കെതിരെ തോമസ് ഐസക് സമർപ്പിച്ച ഹർജിയായിരുന്നു ഹൈക്കോടതി തടഞ്ഞത്. അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് അടുത്തിടെ കോടതി അറിയിച്ചതോടെയാണ് മുൻ ധനമന്ത്രിക്ക് കുരുക്ക് മുറുകിയത്. ഈ മാസം 12-ന് ഹാജരാകാൻ ലഭിച്ച സമൻസിൽ തോമസ് ഐസക് ഹാജരായിരുന്നില്ല.