വയനാട്: കൽപ്പറ്റയിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. കർണാടക സ്വദേശിയായ മണിവണ്ണൻ എന്ന 21-കാരൻ ആണ് പിടിയിലായത്. അമ്മയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ 14-കാരിയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ പ്രസവത്തിനായി വയനാട് മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു യുവാവ്. ഇവിടെ നിന്നും പരിചയപ്പെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് ബലാത്സംഗം ചെയ്ത വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.