ചെന്നൈ: ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ നടന്ന രാമായണശ്ലോക പാരായണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ് കവി കമ്പാർ രചിച്ച 12-ാം നൂറ്റാണ്ടിലെ ഇതിഹാസമായ കമ്പ രാമായണശ്ലോകമാണ് പണ്ഡിതന്മാർ പാരായണം ചെയ്തത്. തിരുച്ചിറപ്പള്ളിയിലെത്തിയ പ്രധാനമന്തി ക്ഷേത്ര ദർശനത്തിന് ശേഷം ക്ഷേത്രത്തിലെ ആനയ്ക്ക് ഭക്ഷണം നൽകുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.
നിരവധി ഭക്തർ പ്രധാനമന്ത്രിയോടൊപ്പം രാമായണ പാരായണത്തിൽ പങ്കെടുത്തു. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. രാമേശ്വരം ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി പ്രത്യേക പൂജകളിൽ പങ്കെടുക്കും. വൈകുന്നേരം ക്ഷേത്രത്തിലെ ഭജന സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും.
തിരുച്ചിറപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം. പുരാതന ഗ്രന്ഥങ്ങളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ രംഗനാഥർക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. രംഗനാഥസ്വാമി ക്ഷേത്രം, രംഗനാഥർ ക്ഷേത്രം, ശ്രീ രംഗനാഥ ക്ഷേത്രം തുടങ്ങിയ പേരുകളിലും ശ്രീരംഗം ക്ഷേത്രം അറിയപ്പെടുന്നു.