വാസ്തുവിദ്യയുടെ വിസ്മയമായ രാമക്ഷേത്രത്തിലെ ഓരോ കാര്യങ്ങളിലും ആ വിസ്മയം പ്രകടമാണ്. വിവിധ ഭാഗങ്ങളുടെ പ്രകാശത്തിന്റെ ആവശ്യകത അറിഞ്ഞാണ് ക്ഷേത്രത്തിൽ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ലൈറ്റിംഗ് ഇഫക്റ്റ് പരിസരത്തിലുടനീളം പ്രദാനം ചെയ്യുന്ന വിധത്തിലാണ് ക്ഷേത്രത്തിലെ വിളക്കുകൾ നിർമ്മിച്ചിരിക്കുന്നത്. ഹാവെൽസ് കമ്പനിയാണ് രാമക്ഷേത്ര പരിസരം പ്രകാശ പൂരിതമാക്കുന്നത്.
വിഗ്രഹങ്ങൾക്ക് ശോഭ നൽകുന്നതിനായി 24 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച സ്പോട്ട് ലൈറ്റുകളാണ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ചുവരുകളിൽ ലീനിയർ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മാസ്മരികമായ കൊത്തുപണികൾ എടുത്തുകാണിക്കുന്നതിനായി ഇൻഗ്രൗണ്ട് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് തറയിൽ നിന്ന് മുകളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നുവെന്ന് ഹാവെൽസ് കമ്പനി പ്രസിഡന്റ് പരാഗ് ഭട്നാഗർ പറഞ്ഞു. മൂവായിരത്തിലധികം വിളക്കുകളാണ് ക്ഷേത്രം അലങ്കരിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. പത്തോളം വിളക്കുകൾ സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഭാരതീയ സംസ്കാരത്തിൽ സ്വർണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ആ മൂല്യം കണക്കിലെടുത്താണ് ശ്രീരാമ വിഗ്രഹത്തിനുള്ള സ്പോട്ട് ലൈറ്റുകൽ സ്വർണത്തിൽ നിർമ്മിച്ചതെന്നും കമ്പനി വ്യക്തമാക്കി. ലോകത്തോര നിലവാരത്തിലുള്ള അനുഭവം നൽകാനും നല്ല രീതിയിലുള്ള ശോഭ നൽകാനും ഇത് സഹായിക്കുമെന്നും കമ്പനി പറഞ്ഞു.















