ലക്നൗ: അഞ്ച് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ഇന്ന് രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകി. ആദ്യ ദിനം ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാംലല്ലയുടെ അനുഗ്രഹം തേടി പതിനായിരങ്ങളാണ് തൊഴു കയ്യോടെ സന്നിധിയിൽ നിൽക്കുന്നത്.
പ്രത്യേകം പാസുകൾ വഴിയാണ് ക്ഷേത്രത്തിലേക്ക് ആളുകളെ കടത്തിവിടുന്നത്. അകത്തേക്ക് പ്രവേശിക്കാനായി കാത്തുനിൽക്കുന്നവരുടെ തിരക്കാണ് ക്ഷേത്രത്തിന് പുറത്ത് കാണുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷയ്‌ക്കായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
#WATCH | Ayodhya, Uttar Pradesh: Devotees gather in large numbers at Shri Ram temple on the first day after the Pran Pratishtha ceremony pic.twitter.com/EGo9yr9sXS
— ANI (@ANI) January 23, 2024
രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് ശേഷം രണ്ട് മണി മുതൽ ഏഴ് വരെയുമാണ് ദർശനം. സിംഗ് ദ്വാറിലൂടെ 32 പടികൾ കയറിയാണ് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രാഥമിക കവാടത്തിലെത്തുന്നത്. രാവിലെ 6.30-നാണ് ജാഗരൺ അഥവ ശൃംഗാർ ആരതി നടക്കുന്നത്. മുൻകൂർ ബുക്കിംഗും ലഭ്യമാണ്.
രാത്രി 7.30-നാണ് സന്ധ്യ ആരതി. അന്നേ ദിവസം തന്നെ ബുക്കിംഗ് നടത്താം. ആരതി നടത്താൻ ആഗ്രഹിക്കുന്നവർ അര മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖയുമായി രാമക്ഷേത്രത്തിലെ ക്യാമ്പ് ഓഫീസിലെത്തണമെന്നാണ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.















