കോഴിക്കോട്: താമശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച. റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 50 പവൻ കവർന്നതായാണ് പ്രാഥമിക നിഗമനം. കൊടുവള്ളി സ്വദേശി അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്.
രാവിലെ കട തുറക്കാൻ ഉടമ എത്തിയതോടെയാണ് മോഷണ വിവരം അറിയുന്നത്. താമരശേരിയിലെ ഡിവൈഎസ്പി ഓഫീസിനു സമീപമുള്ള ജ്വല്ലറിയാണിത്. ഇന്നലെ രാത്രി 7.30-ഓടെയാണ് കടയുടമ ജ്വല്ലറി അടച്ച് പോയത്. ഇന്ന് രാവിലെ 8.30-ഓടെ കട തുറക്കാൻ എത്തിയപ്പോഴാണ് ചുമർ തുരന്ന നിലയിൽ കണ്ടത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ജ്വല്ലറിയുള്ളത്. ഇവിടേക്ക് കടക്കുന്നതിനായി ഗോവണിയുടെ ഷട്ടറിന്റെ പൂട്ടു പൊളിക്കുകയും തുടർന്ന് ചുമർ കുത്തി പൊളിച്ചുമാണ് മോഷ്ടാവ് അകത്ത് കയറിയത്. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.