കോഴിക്കോട്: ബേപ്പൂരിൽ അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ട ബോട്ടിന് തീപിടിച്ച് വൻ നാശനഷ്ടം. ബേപ്പൂർ ബോട്ട് യാർഡിൽ നിർത്തിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചത്. വീൽഹൗസ് ഉൾപ്പെടെയുള്ള ബോട്ടിന്റെ ഉൾവശം പൂർണമായും കത്തി നശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ദിവസം അറ്റകുറ്റ പണികൾക്കായി ബോട്ട് യാർഡിൽ കയറ്റിയിട്ടിരുന്നു. തുടർന്ന് യാർഡിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികളാണ് തീപിടിച്ച വിവരം അഗ്നിശമന സേനയെ വിളിച്ചറിയിച്ചത്. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ കാരണമറിയാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു.