എറണാകുളം: മസാല ബോണ്ട് കേസിൽ കിഫ്ബിക്കെതിരെ ഇഡി ഹൈക്കോടതിയിൽ. കിഫ്ബി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ട് പോലും കിഫ്ബി നല്‍കുന്നില്ലെന്നും ഇഡി വ്യക്തമാക്കി.
രേഖകള്‍ ഹാജരാക്കാന്‍ കിഫ്ബിയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. സമന്‍സ് ചോദ്യം ചെയ്തുള്ള കിഫ്ബിയുടെ ഹര്‍ജി തള്ളണമെന്നും ഇഡി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസകിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ജനുവരി 22-നാണ് ഹാജരാകാൻ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് തോമസ് ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു.