പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനായി വിരമിക്കുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന് നമുക്കറിയാം. എന്നാൽ എന്തിന് എപ്പോളൊക്കെ പണം പിൻവലിക്കാനാകും എന്ന കാര്യത്തിൽ ധാരണയുണ്ടാകില്ല.ഉപയോക്താക്കളുടെ ആവശ്യാനുസരണം പിഎഫിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്. എന്നാൽ മുഴുവനായി തുക പിൻവലിക്കാനാകില്ല. എത്ര രൂപ പിഎഫിൽ നിന്നും പിൻവലിക്കാനാകുമെന്ന് നോക്കാം…
- ആരോഗ്യ ചിലവുകൾ, വസ്തു വാങ്ങുന്നതിന്, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് എന്നിവയ്ക്ക് ഇപിഎഫ് നിക്ഷേപത്തിൽ നിന്നും ഭാഗികമായി പണം പിൻവലിക്കാവുന്നതാണ്.
- പിഎഫ് വരിക്കാരന് ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും പിൻവലിക്കാവുന്നതാണ്. ആദ്യമാസം 75 ശതമാനം, രണ്ടാം മാസം ബാക്കി 25 ശതമാനവും തുക പിൻവലിക്കാവുന്നതാണ്.
- ഏഴ് വർഷം ഇപിഎഫ് വിഹിതം അടച്ച വരിക്കാരന് വിദ്യാഭ്യാസ ചിലവ്-വിവാഹ ആവശ്യങ്ങൾക്കായി തൊഴിലുടമയുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാനാകും.
- ഇപിഎഫ് വരിക്കാരനായി അഞ്ച് വർഷം പൂർത്തിയായവർക്ക് പുതിയ വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനോ പണം പിൻവലിക്കാവുന്നതാണ്.
- സ്ഥലം വാങ്ങുന്നതിനായി പ്രതിമാസ ശമ്പളത്തിന്റെ 24 ഇരട്ടിയും വീട് നിർമിക്കുന്നതിനോ വാങ്ങുന്നതിനോ ആണെങ്കിൽ 36 ഇരട്ടിയുമാണ് പിൻവലിക്കൽ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.
- മൂന്ന് വർഷം പൂർത്തിയാക്കിയ വരിക്കാരന് ഭവന വായ്പയുടെ തിരിച്ചടവിന് തുക പിൻവലിക്കാവുന്നതാണ്. അടച്ച തുകയുടെ 90 ശതമാനം വരെ ലഭിക്കും.
- ആരോഗ്യ ചിലവുകൾക്ക് ഇപിഎഫ് അക്കൗണ്ടിലെ നിക്ഷേപവും പലിശയും ഉൾപ്പെടെ ശമ്പളത്തിന്റെ ആറിരട്ടി വരെ പിൻവലിക്കാനാകും. കൂടാതെ ഇപിഎഫിൽ നിന്നും 50,000 രൂപയിൽ അധികം പിൻവലിക്കുന്ന സാഹചര്യത്തിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നതായിരിക്കും.
പണം ലഭ്യമാകുന്നതിന് എത്ര ദിവസമെടുക്കും?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രകാരം 20 ദിവസമാണ് ഇപിഎഫ് ക്ലെയിം സെറ്റിൽ ചെയ്യുന്നതിനായി എടുക്കുന്ന സമയം. ക്ലെയി സെറ്റിൽ ചെയ്താൽ ഇപിഎഫ് വരിക്കാരന്റെ അക്കൗണ്ടിലേക്ക് പിഎഫ് തുക എത്തുന്നതായിരിക്കും. ഇനി സമയപരിധിക്കുള്ളിൽ പണം ലഭിക്കാത്ത പക്ഷം റീജണൽ പിഎഫ് കമ്മീഷണർക്കോ ഓൺലൈൻ മുഖേനയോ പരാതി സമർപ്പിക്കാവുന്നതാണ്.
ഓൺലൈൻ മുഖേന പണം പിൻവലിക്കുന്നതിന്…
മെമ്പർ ഇ-സേവ പോർട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/ മുഖേന ഓൺലൈനായി പണം പിൻവലിക്കാവുന്നതാണ്. വെബ്സൈറ്റിൽ കയറി യുഎഎൻ നമ്പറും പാസ്വേർഡും നൽകി ലോഗിൻ ചെയ്ത് പണം പിൻവലിക്കുന്നതിനുള്ള അപേക്ഷ നൽകണം. യൂണിവേഴ്സിറ്റിയിൽ അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ആക്ടീവ് ആയിരിക്കണം.
ഓഫ്ലൈൻ മുഖേന പണം പിൻവലിക്കുന്നതിന്…
ഓഫ്ലൈൻ മുഖേന പണം പിൻവലിക്കുന്നതിനായി ഇപിഎഫ്ഒ ഓഫീസിൽ നേരിട്ടെത്തണം. കോമ്പോസിറ്റ് ക്ലെയിം ഫോം പൂരിപ്പിച്ച് നൽകണം. ഇതോടെ തുക ലഭ്യമാകും.
ഉമങ് ആപ്പ്
കേന്ദ്ര സർക്കാരിന്റെ ഉമങ് ആപ്പ് മുഖേനയും ഇപിഎഫ് നിക്ഷേപം പിൻവലിക്കാവുന്നതാണ്. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇതിൽ ഇപിഎഫ്ഒ സർവീസ് എന്ന് സെർച്ച് ചെയ്യുക. റൈസ് ക്ലെയിം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. യുഎൻ നമ്പറും ഒടിപി വേരിഫിക്കേഷനും പൂർത്തിയാക്കി പിൻവലിക്കൽ രീതി തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുക. ഇപിഎഫ് പിൻവലിക്കലിന്റെ സ്ഥിതി എന്തെന്ന് അറിയുന്നതിനായി റഫറൻസ് നമ്പർ ലഭ്യമാകും.