ന്യൂഡൽഹി: സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ 75-ാം വർഷികാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ സുപ്രീംകോടതി റിപ്പോർട്ടുകൾ,ഡിജിറ്റൽ കോടതികൾ, സുപ്രീംകോടതിയുടെ പുതിയ വെബ്സൈറ്റ് എന്നിവ ഉൾപ്പെടുന്ന കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കോടതിയുടെ റിപ്പോർട്ടുകൾ ഇനി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും. ഇതിലൂടെ സുപ്രീംകോടതി വിധികൾ രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായും ഇലക്ട്രോണിക് ഫോർമാറ്റിലും ലഭ്യമാകും. ജില്ലാ കോടതികളിലെ ജഡ്ജിമാർക്ക് ഇലക്ട്രോണിക് രൂപത്തിൽ കോടതി രേഖകൾ ലഭ്യമാക്കുന്നതിനുള്ള ഇ-കോർട്ട്സ് പ്രോജക്റ്റിന് കീഴിലുള്ളതാണ് ഡിജിറ്റൽ കോർട്ട്സ് 2.0 ആപ്ലിക്കേഷൻ.
അത്യാധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപയോഗവും ഇ-കോടതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ പുതിയ വെബ്സൈറ്റും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകുന്ന രീതിയിലാണ് വെബ്സൈറ്റ് രൂപീകരിച്ചിരിക്കുന്നത്.