ലോകത്തിലെ ഏറ്റവും ചെലവേറിയ മനുഷ്യ നിർമിതി എന്താണെന്ന ചോദിച്ചാൽ ബുർജ് ഖലീഫ എന്നോ താജ് മഹലെന്നോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വജ്രക്കല്ലാണെന്നോ ആദ്യം തോന്നാം. എന്നാൽ ഈ ഭൂമിയിൽ പോലും ഇല്ലാത്ത ഒന്നാണ് ലോകത്തിൽ ഇന്നേ വരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ വസ്തുവെന്ന് അറിഞ്ഞാൽ തീർച്ചയായും അത്ഭുതം കൂറും.
അതെ, അന്താരാഷ്ട്ര ബഹിരാകാശ നിലയമെന്ന ഐഎസ്എസ് ആണ് ആ ഖ്യാതി. മനുഷ്യൻ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ വസ്തുവാണ് ഐഎസ്എസ്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ കണക്കുകൾ പ്രകാരം 100 ബില്യൺ ഡോളർ രൂപ ചെലവിട്ടാണ് ഐഎസ്എസ് പണി കഴിപ്പിച്ചത്. എന്നാൽ 150 ബില്യൺ ഡോളറിലധികം രൂപ ചെലവിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നാണ് പൊതുവേ പറയപ്പെടുന്നത്. പ്രതിവർഷം മൂന്ന് ബില്യൺ ഡോളർ മുതൽ നാല് ബില്യൺ ഡോളർ വരെയാണ് ഇതിന്റെ പ്രവർത്തനത്തിനായി നാസ ചെലവിടുന്നത്.
കേവലം ഒരു രാജ്യമല്ല ഐഎസ്എസിന് പിന്നിലുള്ളത്. യുറോപ്പ്, അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തിക്കുന്നത്. 1984-നും 1993-നും ഇടയിലാണ് സ്റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. അന്തർദേശീയ ഫ്ലൈറ്റ് ക്രൂ, ലോഞ്ച് വെഹിക്കിളുകൾ, ആഗോളതലത്തിൽ വിതരണം ചെയ്ത ലോഞ്ച്, ഫ്ലൈറ്റ് പ്രവർത്തനങ്ങൾ, പരിശീലനം, എഞ്ചിനീയറിംഗ്, വികസന സൗകര്യങ്ങൾ, ആശയവിനിമയ ശൃംഖലകൾ, ഗവേഷണം തുടങ്ങി വിവിധ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. 1998 നവംബർ 20-നാണ് ഐഎസ്എസ് വിക്ഷേപിച്ചത്.
ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ പര്യവേക്ഷണം ചെയ്യേണ്ട ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ടിയിട്ടുള്ള ഒരു പരീക്ഷണ കേന്ദ്രമെന്ന നിലയിലാണ് ഐഎസ്എസ് വിക്ഷേപിച്ചത്. ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. എന്നിരുന്നാലും ശാസ്ത്ര ഗവേഷണം, ബഹിരാകാശ പര്യവേക്ഷണം, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ഐഎസ്എസിന്റെ പങ്ക് മഹത്തരമാണ്. ബഹിരാകാശ നിലയത്തിന്റെ നവീകരണത്തിനായി പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളറുകളാണ് ചെലവഴിക്കുന്നത്.