ആലപ്പുഴ: വ്യാപാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കായംകുളത്താണ് സംഭവം. നവകേരള സദസിന്റെ ആഡംബര ബസ് കടന്നു പോകുന്ന സമയത്ത് കടയിൽ നിന്ന വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളാണ് പിടിയിലായത്. വ്യാപാരിയെ ഇരുമ്പ് കമ്പിയും ചുറ്റികയും ഉപയോഗിച്ച് പ്രതികൾ മർദ്ദിക്കുകയായിരുന്നു. ഡിസംബർ 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പത്തിയൂർ സ്വദേശികളായ ഉണ്ണി(27), തൈബു (26), ജിതിൻ (22) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ ആലപ്പുഴ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പിടികൂടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.