ഭുവനേശ്വർ: 69,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി ഒഡീഷ സന്ദർശിക്കുമെന്നും സംബൽപൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒഡീഷയിലെത്തുന്ന പ്രധാനമന്ത്രി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് റെമേഡിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈദ്യുതി, കൽക്കരി എന്നീ മേഖലയിൽ 29,000 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്ന് ഫസ്റ്റ് മൈൽ കൽക്കരി കണക്റ്റിവിറ്റി പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന നിരവധി പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.