ഭുവനേശ്വർ: ഒഡിഷയിൽ 68,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഒഡിഷയിലെത്തിയത്. സംബാൽപൂരിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്.
പ്രധാനമന്ത്രി ഊർജ ഗംഗ പദ്ധതിക്ക് കീഴിൽ 2,450 കോടി രൂപ ചിലവിൽ നിർമ്മിച്ച 412 കിലോമീറ്റർ നീളമുള്ള ജഗദീഷ്പൂർ-ഹാൽദിയ, ബൊക്കാറോ-ധമ്ര പദ്ധതിയുടെ ധമ്ര-അംഗുൽ പൈപ്പ് ലൈൻ സെക്ഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുംബൈ-നാഗ്പൂർ-ജാർസുഗുഡ പൈപ്പ്ലൈനിന്റെ 692 കിലോമീറ്റർ വരുന്ന നാഗ്പൂർ-ജാർസുഗുഡ പ്രകൃതിവാതക പൈപ്പ്ലൈൻ സെക്ഷന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
2,660 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി ഒഡിഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതിവാതക ലഭ്യതയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 27,000 കോടിയിലധികം രൂപയുടെ തലബിര താപവൈദ്യുത പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.