കയ്യിൽ 18.40 സെന്റീമീറ്റർ നീളമുള്ള രോമവുമായൊരു വനിത. കൈയിൽ ഏറ്റവും നീളം കൂടിയ രോമം വളർത്തുന്നതിന്റെ ഗിന്നസ് ലോക റെക്കോർഡ് ട്രേസി മാസി എന്ന യുവതിയുടെ പേരിലായി. 7.24 ഇഞ്ചാണ് കൈയിലെ ഒരു രോമത്തിന്റെ നീളം.
2012-ൽ, ഹൈസ്കൂൾ കാലഘട്ടത്തിലാണ് ട്രേസി തന്റെ കയ്യിലെ മുടിയുടെ അസാധാരണമായ വളർച്ച ശ്രദ്ധിക്കുന്നത്. അവളുടെ സുഹൃത്തായിരുന്നു അതിന് കാരണമായതും. തുടർന്ന് രോമവളർച്ചയെ സൂക്ഷ്മമായി ട്രേസി നിരീക്ഷിച്ചു. രോമം വളരുന്നുവെന്നും ശരാശരി ഒരു സെന്റീമീറ്ററിലധികെ നീളമുണ്ടെന്നും യുവതി തിരിച്ചറിഞ്ഞു. എന്നാൽ കൈയിലെ മറ്റ് രോമങ്ങൾ ഇത്തരത്തിൽ വളരുന്നില്ലെന്നും അവർ പറഞ്ഞു.
മുടിക്ക് അസാധാരണമായ നീളം വന്ന സമയത്താണ് ഗിന്നസ് റെക്കോർഡിനെ കുറിച്ച് ട്രേസി ചിന്തിക്കുന്നത്. റെക്കോർഡിനായി അപേക്ഷിക്കുന്നതിന് മുൻപായി യുവതി പ്രൈമറി കെയർ ഡോക്ടറെ സമീപിച്ച് പേപ്പർ റൂളർ ഉപയോഗിച്ച് മുടിയുടെ നീളം അളന്നു. 14.2 സെന്റീമീറ്റർ നീളമുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ലോക റെക്കോർഡിനായി അപേക്ഷിച്ചു. എന്നാൽ ഗിന്നസ് അധികൃതർ റെക്കോർഡിനായി പരിഗണിച്ച വേളയിൽ ഇതിന്റെ നീളം വീണ്ടും വർദ്ധിച്ചു, അങ്ങനെ 18.40 സെന്റീമീറ്റർ നീളം വച്ചു, പിന്നാലെ ഗിന്നസ് റെക്കോർഡും പിറന്നു.