ഹൈദരാബാദ്: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. നാല് ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ ഹൈദരബാദ് സ്വദേശികളായ വനം ലക്ഷ്മിനാരായണ, എരുക്കള പ്രണയ് കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികൾ വ്യാജനോട്ടുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മുഖ്യ പ്രതിയായ വനം ലക്ഷ്മി നാരായണയാണ് വ്യാജ കറൻസി നിർമ്മിച്ചത്. കറൻസി നിർമ്മിക്കാൻ ഉപയോഗിച്ച സ്‌ക്രീൻ പ്രിന്റർ, ഗ്രീൻ ഫോയിൽ പേപ്പർ, ജെകെ എക്സൽ ബോണ്ട് പേപ്പറുകൾ, കട്ടറുകൾ, ലാമിനേഷൻ മെഷീൻ എന്നിവ പോലീസ് കണ്ടെടുത്തു. വ്യാജ കറൻസി നിർമ്മിച്ച ശേഷം പരീക്ഷണാടിസ്ഥാനത്തിൽ സമീപത്തെ മാർക്കറ്റിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികൾ പോലീസിന്റെ പിടിയിലായത്.
ഫർസി എന്ന വെബ് സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ വ്യാജ കറൻസി നിർമ്മിച്ചത്. 500 രൂപ നോട്ടുകളാണ് പ്രതികൾ നിർമ്മിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ 810 ഓളം കള്ളനോട്ടുകൾ കണ്ടെടുത്തു. എന്നാൽ വ്യാജ നോട്ട് നിർമ്മിച്ചതിൽ തനിക്ക് പങ്കില്ലെന്ന് രണ്ടാം പ്രതിയായ പ്രണയ് കുമാർ പറഞ്ഞു. ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് തന്നെ ലക്ഷ്മി നാരായണ തന്നെ സമീപിക്കുകയായിരുന്നെന്നും പ്രണയ് കുമാർ പറഞ്ഞു.