വിജയ് സേതുപതി നായകനായെത്തിയ ‘കടൈസി വ്യവസായി’ എന്ന ചിത്രത്തിൽ അഭിനയിച്ച കാസമ്മാൾ(71) മരിച്ചു. മകന്റെ അടിയേറ്റാണ് നടി മരിച്ചത്. മകൻ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കാസമ്മാൾ പണം നൽകിയില്ല. തുടർന്ന് മകൻ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു.. അടിയേറ്റ കാസമ്മാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.
കൊലപാതകത്തെ തുടർന്ന് മകൻ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. ബാൽസാമി-കാസമ്മാൾ ദമ്പതികൾക്ക് നമകോടിയുൾപ്പെടെ മൂന്ന് മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിന് ശേഷം മാതാപിതാക്കൾക്കൊപ്പമാണ് നമകോടി താമസിച്ചിരുന്നത്.
എം മണികണ്ഠൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച കടൈസി വ്യവസായി എന്ന ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു. 85 വയസ്സുള്ള കർഷകന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയ് സേതുപതിയോടൊപ്പം അന്തരിച്ച നടൻ നല്ലാണ്ടിയവും യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയുടെ അമ്മയായിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.















