തിരുവനന്തപുരം: സ്വകാര്യമേഖലയെ കേരള സർക്കാരിന്റെ പദ്ധതികളിൽ പരമാവധി സഹകരിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ. ഇടതുപക്ഷ പാർട്ടികൾ പണ്ട് സമരം നടത്തിയത് സ്വകാര്യ മേഖലയെ എതിർത്തല്ല. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാലം മുതലെ സ്വകാര്യ മേഖല കേരളത്തിലുണ്ടെന്നും ഇടതുപക്ഷം എതിർത്തത് ആഗോളതലത്തിലെ സ്വകാര്യ മേഖലയെയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സ്വകാര്യ മൂലധന നിക്ഷേപങ്ങളെ എതിർക്കുന്ന നിലപാടല്ല സിപിഎമ്മിനുള്ളത്. സ്വകാര്യ മൂലധന നിക്ഷേപത്തെ എതിർക്കാനും ഇനി ഉദ്ദേശമില്ലെന്ന് എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മുതലാളിത്ത സമൂഹത്തിലാണ് നാം എല്ലാവരും ജീവിക്കുന്നത്. പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ കേരളത്തിലുള്ളത് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ട. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നത് കൊണ്ട് തൊഴിലാളിവർഗ്ഗത്തിന്റെ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാൻ കഴിയുമെന്ന ഞങ്ങൾ കരുതുന്നില്ല. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ലെന്നും തിരഞ്ഞെടുപ്പിൽ ഭരണം മാത്രമേ മാറുന്നുള്ളൂ, അതാണ് പരിമിതിയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.















