എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ലൈസൻസിനായി പി.വി അൻവർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനുമതി നൽകാതെ കുട്ടികളുടെ പാർക്ക് എങ്ങനെ പ്രവർത്തിക്കുമെന്നും കോടതി ചോദിച്ചു. നാളെ വിഷയത്തിൽ മറുപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.
അനധികൃതമായി പ്രവർത്തിക്കുന്ന പാർക്ക് അടച്ച് പൂട്ടണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.പാർക്കിനെതിരായ ഹർജി ഹൈക്കോടതി നാളെ വീണ്ടുംപരിഗണിക്കും. യാതൊരു ലൈസൻസുമില്ലാതെയാണ് കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയിൽ പിവി അൻവർ നടത്തിയത്.
കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ലൈൻസ് ഉണ്ടോയെന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചത്. ലൈസൻസ് ഇല്ലെന്ന കാരണത്താൽ കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്ന് കൊടുത്തത്.