നിത്യ ജീവിത്തിൽ നിന്നും നിരവധി പേർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായ,കാപ്പി, ജ്യൂസ്,പലഹാരങ്ങൾ എന്നിവയിലൊക്കെ പഞ്ചസാര ഉൾപ്പെടുത്തും. എന്നാൽ, പഞ്ചസാര അമിതമായാൽ ശരീരത്തിന് നിരവധി രോഗങ്ങൾ കടന്നുവരും. അതിനാലാണ് പഞ്ചസാരയെ വെളുത്ത വിഷം എന്നും അറിയപ്പെടുന്നത്. അമിത വണ്ണം,പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളാണ് പഞ്ചസാര വിളിച്ചു വരുത്തുന്നത്.
ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അമിത വണ്ണം കുറയ്ക്കുന്നതിനും ഇപ്പോൾ എല്ലാവരും പിന്തുടരുന്ന ഒരു ഡയറ്റാണ് നോ ഷുഗർ ഡയറ്റ്. പഞ്ചസാരയുടെ ഉപയോഗം പൂർണമായും കുറച്ചാൽ മെച്ചപ്പെട്ട ആരോഗ്യം നമുക്ക് ലഭിക്കും. ഭക്ഷണങ്ങളിൽ നിന്നും പഞ്ചസാര കുറയ്ക്കുന്നതിലൂടെ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ കഴിയും.
നോ ഷുഗർ ഡയറ്റിലൂടെ അമിത വണ്ണത്തിനോട് മാത്രമല്ല ഗുഡ് ബൈ പറയാൻ കഴിയുന്നത്, പല്ല് ഇല്ലാതാകുന്നതിനും പഞ്ചസാരയ്ക്ക് പങ്കുണ്ട്. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുന്നതായാണ് പഠനങ്ങൾ. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇത് നിരവധി ദന്തരോഗങ്ങൾക്ക് കാരണമാകും. അതിനാൽ പഞ്ചസാരയുടെ ഉപയോഗം കുറച്ചാൽ ദന്തരോഗങ്ങളും കുറയും.
അമിതമായ പഞ്ചസാരയുടെ ഉപയോഗം കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനും സാധ്യതയുണ്ട്. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം വിഷാദരോഗത്തിനും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചില ഗവേഷണങ്ങളിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നോ ഷുഗർ ഡയറ്റ് ആരംഭിക്കുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്.