ബോളിവുഡിൽ വളരെ കുറച്ച് കാലം നിറഞ്ഞ് നിന്നിട്ട് പെട്ടെന്ന് അപ്രത്യക്ഷനായ നടനാണ് ഇമ്രാൻ ഖാൻ. താരത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകളോ മറ്റ് വിവരങ്ങളോ ഒന്നും കുറച്ച് വർഷങ്ങളായി പുറത്ത് വന്നിരുന്നില്ല. ഇമ്രാൻ ഖാൻ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും പരാജയപ്പെട്ടതോടെ ഇമ്രാൻ ഖാൻ സിനിമയിൽ നിന്നും വിടപറയുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘കട്ടി ബട്ടി’ എന്ന ചിത്രവും പരാജയമായതോടെയാണ് ഇമ്രാന്‍ ഖാന്‍ തന്റെ കരിയര്‍ പൂർണമായും അവസാനിപ്പിച്ചത്.
പക്ഷെ, വർഷങ്ങൾ കഴിഞ്ഞതോടെ ഇമ്രാൻ ഖാൻ സാമ്പത്തികമായി പ്രതിസന്ധിയിലായി. ആകെ ഉണ്ടായിരുന്ന ബംഗ്ലാവും ആഡംബര കാറും വിൽക്കേണ്ടി വന്നു. നിലവിൽ ബാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഇമ്രാൻഖാൻ താമസിക്കുന്നത്. അടുത്തിടെ, ഇമ്രാൻ ഖാൻ തന്റെ അനന്തരവൾ ഇറാഖാന്റെ വിവാഹത്തിന് എത്തിയത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിനുള്ള കാരണം ഇമ്രാൻ ഖാന്റെ വേഷം തന്നെയായിരുന്നു. 10 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന സ്യൂട്ടായിരുന്നു അന്ന് നടൻ ധരിച്ചിരുന്നത്.
ഇപ്പോഴിതാ, തന്റെ മകൾക്ക് വേണ്ടിയാണ് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയതെന്ന് പറയുകയാണ് ഇമ്രാൻ ഖാൻ. ജീവിത നിലവാരം തകർന്നതിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമാണ് ഇമ്രാൻ ഖാൻ സംസാരിച്ചത്. അവന്തിക മാലിക് ആയിരുന്നു ഇമ്രാൻ ഖാന്റെ ഭാര്യ. ഇപ്പോൾ ഇരുവരും വേർ പിരിഞ്ഞ് കഴിയുകയാണ്.
‘2016-മുതൽ എന്റെ ജീവിത നിലവാരം വളരെ താഴ്ന്ന നിലയിലെത്തി. ജീവിതം തകർന്നു തുടങ്ങിയതുപോലെ എനിക്ക് തോന്നി. ഭാഗ്യവശാൽ സാമ്പത്തികമായി പ്രതിഫലം നേടുന്ന ഒരു വ്യവസായമായ സിനിമയിലായിരുന്നു ഞാനപ്പോൾ ജോലി ചെയ്യുന്നത്. അതുകൊണ്ടാണ്, 30 വയസായപ്പോൾ സാമ്പത്തിക വിഷയങ്ങളിൽ എനിക്ക് പ്രയാസം അനുഭവിക്കാതിരിക്കുന്നത്. എന്നാൽ, അത് കഴിഞ്ഞപ്പോൽ അങ്ങനെയായിരുന്നില്ല.
എന്നാൽ, മകൾ ജനിച്ചതിന് ശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. അവൾക്ക് വേണ്ടി നല്ലൊരു പിതാവാകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ എല്ലാം ഉപേക്ഷിച്ചത്. മകൾ ഇമാറയ്‌ക്ക് വേണ്ടി സ്വയം നന്നാകാൻ തീരുമാനിച്ചു. അപ്പോൾ, അഭിനയിക്കുക എന്നത് നല്ലൊരു ജോലി അല്ലെന്നും ഞാൻ ചിന്തിച്ചു.’- ഇമ്രാൻ ഖാൻ പറഞ്ഞു.















