ഭൂതകാലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ഹൊറർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുന്ന ചിത്രം ഫെബ്രുവരി 15 നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നാളെ യുഎഇയിൽ വച്ച് നടക്കും. ട്രെയിലർ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഒരു ഗ്ലിംപ്സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
രൗദ്രഭാവത്തിലുള്ള മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണിക്കുന്നത്. മലയാളം, തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി ഭാഷകളിലാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 22 ലധികം തീയേറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. യുകെ, ഫ്രാൻസ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. യുഎഇ, സൗദ്യ അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും.
മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്. നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാൽ, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ- ടി ഡി രാമകൃഷ്ണൻ.