തമിഴിൽ വീണ്ടും ശക്തമായ വേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രമാണ് ഗരുഡൻ. ശശി കുമാറും സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വെട്രിമാരന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഗ്ലീംപ്‌സ് വീഡിയോയും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്.
സ്‌നേഹന്റെ വരികൾക്ക് യുവൻ ശങ്കർ രാജ ഈണം നൽകി ആലപിച്ചിരിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സൂരിയും രേവതി ശർമയും അഭിനയിച്ചിരിക്കുന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടുകയാണ്. കോമഡി വേഷങ്ങളിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയനായ സൂരി വളരെ വ്യത്യസ്തമായ വേഷമാണ് ഗരുഡനിൽ അവതരിപ്പിക്കുന്നത്. വെട്രിമാരന്റെ വിടുതലൈ എന്ന ചിത്രത്തിന് ശേഷം ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് സൂരി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഗരുഡന്റെ കഥാഗതി. ശശി കുമാറിന്റെ സഹോദരന്റെ വേഷമാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ശിവദ, രോഷിണി ഹരിപ്രിയൻ ചിത്രത്തിലെ മറ്റ് നായികമാർ. സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയാണ്. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും ചേർന്നാണ് ഗരുഡൻ നിർമ്മിക്കുന്നത്.















