കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ മൂന്നര വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. കല്ലാച്ചി കോടതിക്ക് സമീപത്തെ ക്വാട്ടേഴ്സിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായയുടെ കടിയേറ്റത്.
മുഖത്തും കൈക്കും പരിക്കേറ്റ മൂന്നര വയസുകാരൻ ആകാശിനെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആക്രമിച്ച നായയെ ഇതുവരെയും പിടികൂടിയില്ല. സമീപ സ്ഥലത്ത് മറ്റൊരാൾക്കും തെരുവ് ആക്രമണത്തിൽ പരിക്കേറ്റു. തുടർച്ചയായി തെരുവുനായ ആക്രമണങ്ങൾ നടക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.