കൊല്ലം: തെരുവുനായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്നയാൾ മരിച്ചു. പുതുവിള സ്വദേശി നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയിലാണ് അപകടമുണ്ടായത്. തെരുവുനായകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
തെരുവുനായകൾ കൂട്ടത്തോടെ വന്നതോടെ നിസാർ ബൈക്ക് വെട്ടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ഒരാഴ്ചയായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് നിസാർ മരണപ്പെട്ടത്.
രണ്ട് ദിവസം മുമ്പാണ് കണ്ണൂരിൽ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ജീവൻ നഷ്ടമായത്. കൊട്ടിയൂർ സ്വദേശി രമണിയാണ് മരിച്ചത്. തേരിയിറങ്ങി വരുന്നതിനിടെ രമണിയുടെ വാഹനത്തിന് മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ ഓടയിലേക്ക് പതിച്ചു. യുവതിയുടെ തല മരത്തിലിടിച്ചതോടെയാണ് മരണം സംഭവിച്ചത്.