വയററിഞ്ഞും മനസറിഞ്ഞും കഴിച്ച് ക്ഷീണിക്കുന്നവരാകും പലരും. കഴിച്ച് കഴിഞ്ഞാകും പലരും വയർ നിറഞ്ഞ് പൊട്ടാറായി എന്ന് മനസിലാക്കുക. ഇങ്ങനെ കഷ്ടപ്പെടുന്നവർ ധാരാളമാണ്. പൊണ്ണത്തടിക്കും കുടവയറിനും ഇത്തരത്തിലുള്ള ഭക്ഷണക്രമം കാരണമാകുകയും ചെയ്യാറുണ്ട്.
നല്ല ശരീരത്തിന് നല്ല ദഹനം പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം ആഹാരത്തിന് ശേഷം ചില പാനീയങ്ങൾ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും ഇവ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഇതാ..
1) ഇഞ്ചി ചായ
ദഹനം മെച്ചപ്പെടുത്താൻ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. ഇഞ്ചിയിട്ട ചായ കുടിക്കുന്നത് ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇഞ്ചിയിലെ സജീവ സംയുക്തങ്ങൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.
2) കറ്റാർവാഴ ജ്യൂസ്
ചർമ്മ സംരക്ഷണത്തിൽ അത്യാന്താപേക്ഷിതമായ കറ്റാർവാഴ ദഹനത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിന് കറ്റാർവാഴ ജ്യൂസ് സഹായിക്കും. ആന്റിഓക്സിഡന്റുകളും എൻസൈമുകളും ധാരാളമുള്ള കറ്റാർവാഴ കുടലിലെ വീക്കം കുറയ്ക്കാനും അസിഡിറ്റി പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ചെറുക്കാനും കറ്റാർവാഴ ജ്യൂസ് പതിവാക്കുന്നത് നല്ലതാണ്.
3) പ്രൂൺ ജ്യൂസ്
ഉണങ്ങിയ പ്ലം, അതായത് പ്രൂൺസ് കഴിക്കുന്നതും ദഹനത്തെ മെച്ചപ്പെടുത്തും. നാരുകൾ, സോർബിറ്റോൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ജ്യൂസാണ് പ്രൂൺ ജ്യൂസ്. മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ദഹനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
4) രസം
മലയാളിക്ക് സുപരിചിതമായ ഒന്നാണ് രസം. തക്കാളിയും പുളിയും മറ്റ് സുഗന്ധ വ്യഞ്ജനങ്ങജളും ഒത്തുചേർത്ത് തയ്യാറാക്കുന്ന രസം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രസത്തിലെ പുളിയും മസാലകളും ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. വിശപ്പ് വർദ്ധിപ്പിക്കാനും രസം കുടിക്കുന്നത് നല്ലതാണ്. ദഹന സംബന്ധമായ അസ്വസ്ഥതകളെ ലഘൂകരിക്കാനും രസം സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇവ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു.