തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ പാലംപേട്ട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് രാമപ്പ ക്ഷേത്രം. രാമലിംഗേശ്വര ക്ഷേത്രം അല്ലെങ്കിൽ രുദ്രേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന പൗരാണിക മന്ദിരം കാകതീയ ഭരണാധികാരി ഗണപതി ദേവന്റെ കാലത്ത് നിർമ്മിച്ചതാണ്.
ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം, ഇന്ത്യയിലെ ഏറ്റവും മികച്ച പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. വാറങ്കൽ സന്ദർശിക്കുന്ന ഒരാൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇത് . അതിമനോഹരമായ വാസ്തുവിദ്യയ്‌ക്കും സങ്കീർണ്ണമായ കൊത്തുപണികൾക്കും പേരുകേട്ട ഈ ക്ഷേത്രം 2014 മുതൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കാകാതിയ രാജവംശത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്ന ഈ പൗരാണിക ക്ഷേത്രത്തെ കുറിച്ച് ചില വസ്തുതകൾ മനസിലാക്കാം…
1. കാകതീയ കാലഘട്ടത്തിൽ നിർമ്മിച്ചത്
കാകതീയ കലയുടെ ആസ്ഥാനമാണ് ഡെക്കാൻ പീഠഭൂമിയിലെ വാറങ്കൽ . അതിന്റെ നേർസാക്ഷ്യമായി നിലകൊള്ളുന്ന അതിശയകരമായ കലാസൃഷ്ടിയാണ് രാമപ്പ ക്ഷേത്രം . എ ഡി 1213 ൽ കാകതീയ ഭരണാധികാരി ഗണപതി ദേവന്റെ നേതൃത്വത്തിൽ മന്ത്രിയായ റെച്ചർല രുദ്രയാണ് ക്ഷേത്രം നിർമ്മിച്ചത്. ഏകദേശം 40 വർഷമെടുത്താണ് പണി പൂർത്തീകരിച്ചത്.
ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലിയിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം. വിദേശ സഞ്ചാരിയായ മാർക്കോ പോളോ, ‘ഡെക്കാനിലെ മധ്യകാല ക്ഷേത്ര താരാപഥത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

2. മുഖ്യ ശില്പിയുടെ പേരിൽ
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച മധ്യകാല ക്ഷേത്രങ്ങളിൽ ഒന്നാണ് രാമപ്പ ക്ഷേത്രം. പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വിവിധ അധിനിവേശങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും, അത് ഇപ്പോഴും ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. സാധാരണയായി, ഭാരതത്തിലെ ക്ഷേത്രങ്ങൾക്ക് ക്ഷേത്രത്തിന്റെ അധിപനായ ദേവന്റെ പേരാണ് നൽകുന്നത്. രാമലിംഗേശ്വരനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നതെങ്കിലും, പ്രധാന ശില്പിയായ രാമപ്പയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

3. അതിമനോഹരമായ വാസ്തുവിദ്യയും സങ്കീർണ്ണമായ കൊത്തുപണികളും
കാകതിയൻ ശില്പ കലയുടെ സ്വാധീനം പ്രകടമാക്കുന്ന വേറിട്ട വാസ്തുവിദ്യാ ശൈലിയാണ് ക്ഷേത്രത്തിൽ ഉടനീളം കാണാം. നിർമ്മാണരീതിയുടെ അസാധാരണമായ, അനുകരിക്കുവാൻ സാധിക്കാത്ത ഒരു മാതൃകയാണ് രാമപ്പ ക്ഷേത്രമെന്ന് നിസംശയം പറയാം.
6 അടി ഉയരമുള്ള നക്ഷത്രാകൃതിയിലുള്ള അടിത്തറയിലാണ് ക്ഷേത്രം ഉയർത്തിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിൽ കരിങ്കല്ലിൽ കൊത്തിയെടുത്ത നിരവധി സംതംഭങ്ങളുണ്ട്. അതോടൊപ്പം സൂര്യപ്രകാരം കടന്നുച്ചെല്ലുന്ന വിധമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ചുവരുകളും ഏറെയുണ്ടിവിടെ. സംഗീതജ്ഞർ, നൃത്തം ചെയ്യുന്ന സ്ത്രീകൾ, പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ തൂണുകളിൽ കൊത്തിവെച്ചിട്ടുണ്ട് ക്ഷേത്രത്തിന്റെ ചുവരുകൾ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകൾ ചിത്രീകരിക്കുന്ന കൊത്തുപണികളാലും സമൃദ്ധമാണ്. ലോഹം പോലെയുള്ള ഫിനിഷിംഗ് ഉള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ശിൽപങ്ങൾക്ക് ബേലൂർ ചെന്നകേശവ ക്ഷേത്രത്തിലെ പ്രശസ്തമായ ശിൽപങ്ങളോട് സാമ്യമുണ്ട്.

4. കാകതീയ കാലഘട്ടത്തിലെ ഒരു എഞ്ചിനീയറിംഗ് അത്ഭുതം
വാസ്തുവിദ്യാ വൈഭവത്തിന് പേരുകേട്ടതാണ് രാമപ്പ ക്ഷേത്രം. സാങ്കേതിക വിദ്യയും നിർമ്മാണ രീതികളും പരിധിയില്ലാതെ വളർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തു പോലും ചിന്തിക്കുവാൻ കഴിയാത്ത തരത്തിലുള്ള പ്രത്യേകതകൾ ഈ ക്ഷേത്രത്തിൽ കാണാം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടികളാണത്രെ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

5. ഭൂകമ്പത്തെ അതിജീവിക്കുന്ന ടെക്‌നിക്ക്
ഭൂകമ്പത്തെ തടയാൻ ‘സാൻഡ്‌ബോക്‌സ് ടെക്‌നിക്ക്’ ഉപയോഗിച്ചാണ് അതിന്റെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ഫൗണ്ടേഷന്റെ കുഴികളിൽ പ്രത്യേക രീതിയിൽ മണൽ ചേർക്കുന്ന നിർമാണ വിദ്യയാണ് സാൻഡ്‌ബോക്‌സ് ടെക്‌നിക്’. അങ്ങനെ ചെയ്യുമ്പോൾ അടിത്തറ ഒരു കുഷ്യനെപ്പോലെ പ്രവർത്തിക്കുന്നതിനാൽ ഭൂകമ്പത്തിലോ ഭൂമികുലുക്കത്തിലോ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കില്ല.
5. എത്തിച്ചേരുവാൻ
തെലങ്കാനയിലെ വാറങ്കലിലെ പാലംപേട്ട് ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും 209 കിലോമീറ്ററും മുളുഗു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്ററുമാണ്















