കാൺപൂർ: കോൺഗ്രസ് നേതാവ് രാഹുലിനെ ശ്രീകൃഷ്ണനായും ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായിയെ അർജുനായും ചിത്രീകരിച്ചുള്ള പോസ്റ്ററുകൾ ഉത്തർപ്രദേശിലെ കൺപൂരിൽ പലയിടത്തും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ ഹിന്ദു വിശ്വസത്തെ അവഹേളിക്കുന്നതായി ആരോപണമുയർന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിൽ രാഹുൽ എത്താനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുരുക്ഷേത്രയുദ്ധ രംഗമാണ് കോൺഗ്രസ് പ്രദേശ് കമ്മിറ്റിയിറക്കിയ ചിത്രത്തിലുള്ളത്. തേര് തെളിക്കുന്ന കൃഷ്ണനായി രാഹുലും വില്ലുകുലച്ച് നിൽക്കുന്ന അർജ്ജുനനായി അജയ് റായിയുമാണ് ചിത്രത്തിലുള്ളത്.
അതേസമയം, കാൺപൂരിൽ നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ പ്രസംഗിക്കുമെന്നാണ് പിസിസി പ്രതീക്ഷിക്കുന്നത്. എന്നാൽ എന്തിനാണ് ഇത്തരത്തിൽ പോസ്റ്ററുകൾ പതിച്ചതെന്ന് വ്യക്തമല്ല.















