റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുമ്പേ ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിന്റെയും വ്യാജൻ ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ തിയേറ്റർ പതിപ്പിറങ്ങിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുന്ന അടുത്തിടെ റിലീസായ മലയാള ചിത്രങ്ങളുടെയെല്ലാം വ്യാജ പതിപ്പും
ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇന്നലെയാണ് മഞ്ഞുമ്മൽ ബോയ്‌സ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുശിൻ ശ്യാം സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. യഥാർത്ഥ സംഭവത്തെ പശ്ചാത്തലമാക്കി വന്ന ചിത്രത്തിൽ സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.
ഇപ്പോൾ ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. 3.9 കോടി രൂപയാണ് ആദ്യദിനത്തിൽ ചിത്രം നേടിയത്. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് ഇത്. കേരളത്തിൽ നിന്ന് മാത്രം 3.35 കോടിയാണ് ചിത്രം നേടിയത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ വേൾഡ് വൈഡ് കളക്ഷൻ ആറു കോടിയ്‌ക്ക് മുകളിലാണ്.















