മലയാള സിനിമാ പ്രേമികൾ എന്നും സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന താര ജോഡികളാണ് മോഹൻലാൽ-മീന ജോഡി. ഇരുവരും ഒരുമിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വർണ്ണപ്പകിട്ട്, ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങി ദൃശ്യം 2, ബ്രോ ഡാഡിയും വരെ നീണ്ടു കിടക്കുന്ന ഒരുപിടി സിനിമകൾ. മലയാളത്തിലെ താര ജോഡികളിൽ ഏറ്റവും മികച്ച താര ജോഡികളാണ് ഇവർ. ഇപ്പോഴിതാ, സിനിമയിൽ മോഹൻലാലുമായി എങ്ങനെ കെമിസ്ട്രി വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി തുറന്നു പറയുകയാണ് മീന.
‘ലാലേട്ടൻ ഒരു ലെജന്റാണ്. എന്ത് ക്യാരക്ടർ കൊടുത്താലും അദ്ദേഹം ചെയ്യും. അങ്ങനത്തെ ഒരാളുടെ കൂടെയാണ് നമ്മൾ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് സിനിമകളിലെല്ലാം അഭിനയിച്ച ശേഷമാണ് മലയാളത്തിൽ ആദ്യമായി വർണ്ണപ്പകിട്ട് ചെയ്യുന്നത്. വളരെ കൂളായിട്ടാണ് ലാലേട്ടൻ അഭിനയിക്കുന്നത്. എങ്ങനെ ഇങ്ങനെ വളരെ എളുപ്പത്തിൽ അഭിനയിക്കാൻ കഴിയുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്’.
‘വളരെ നാച്യുറലായാണ് അദ്ദേഹം അഭിനയിക്കുന്നത്. ഡയലോഗ് കൊണ്ടും എക്സ്പ്രഷൻസ് കൊണ്ടും അദ്ദേഹം ഓഡിയൻസിനെ കയ്യിലെടുക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. അതെല്ലാം ഞാൻ കണ്ടു പഠിക്കുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെപ്പറ്റി ആൾക്കാർ ചോദിക്കുമ്പോൾ എന്ത് ഉത്തരം നൽകണമെന്ന് എനിക്കറിയില്ല’.
‘എന്താണെന്ന് അറിയില്ല. എന്നാലും ഞങ്ങൾ നല്ല സുഹൃത്തുക്കളായതു കൊണ്ടാകാം സ്ക്രീനിൽ തമ്മിലൊരു കെമിസ്ട്രി വർക്ക് ചെയ്യുന്നത്. എന്നാൽ, അങ്ങനെയും പറയാൻ പറ്റുവോ എന്ന് അറിയില്ല. എന്തെന്നാൽ എല്ലാവരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു ജോഡിയായിട്ട് ഞങ്ങൾ മാറിയതിൽ വലിയ സന്തോഷമുണ്ട്’-മീന പറഞ്ഞു.