മലപ്പുറം: ബസുകളുടെ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. മലപ്പുറം കൊണ്ടോട്ടി ബസ് സ്റ്റാന്റിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു.
കോഴിക്കോട്ട് നിന്നും പാലക്കാട് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, സ്വകാര്യ ബസിനെ മറിക്കടക്കാൻ ശ്രമിച്ചപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. മുന്നിൽ പോയിരുന്ന സ്വകാര്യ ബസിനെ മറിക്കടക്കാനുള്ള ശ്രമത്തിനിടെ റോഡിലെ ഡിവൈഡറിൽ കയറുകയും ഇവിടുന്ന് വളച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയുമായിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ പ്രദേശത്ത് സ്ഥിരമായി നടക്കാറുള്ളതാണെന്നും ബസുകളുടെ മത്സരയോട്ടം വർദ്ധിച്ചു വരികയാണെന്നും നാട്ടുകാർ പറഞ്ഞു.