ആൻഡ്രോയിഡ് ഫോണുകളിൽ മുൻപന്തിയിൽ നിൽക്കുന്ന സാംസംഗ് ഗ്യാലക്സിയിൽ എഐയുടെ അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകൾ, പുതിയ വൺ യുഐ 6.1 അപ്റ്റേഡിലൂടെ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ. മാർച്ച് മാസം അവസാനത്തോടെ ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, ടാബ് എസ്9 സീരീസ് എന്നിവയിലും Z ഫോൾഡ് 5, Z ഫ്ളിപ്പ് 5 എന്നിവയിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മറ്റൊരു ലോകത്തേക്ക് ഉപഭോക്താക്കളെ ഈ ഫീച്ചറുകൾ എത്തിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സാധാരണ എല്ലാ എഐ ടൂളുകളിലുമുള്ളതു പോലെയുള്ള വോയ്സ്, ടെക്സ്റ്റ് എന്നീ ലൈവ് ട്രാൻസ്ലേഷനുകൾ ഇതിലുണ്ടാകും. ചാറ്റ് അസിസ്റ്റ് എന്ന ഫീച്ചർ ഇതിലുള്ളതിനാൽ 13 വ്യത്യസ്ത ഭാഷകളിലേക്കും സന്ദേശങ്ങൾ പരിഭാഷപ്പെടുത്താൻ സാധിക്കും. സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചറുകളിൽ ടെക്സ്റ്റ്ട്രാൻസ്ലേഷനുകളും സാധ്യമായിരിക്കും. വിവരങ്ങൾ സെർച്ച് ചെയ്യുന്നതിനായി ഇനി ടൈപ്പ് ചെയ്യേണ്ട കാര്യമില്ല. ചിത്രങ്ങളോ ടെക്സ്റ്റോ ഉണ്ടെങ്കിൽ അവിടെ ഒരു വട്ടം വരച്ച് അടയാളപ്പെടുത്തിയാൽ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
എളുപ്പത്തിൽ വാൾപേപ്പർ സൃഷ്ടിക്കാവുന്ന സംവിധാനങ്ങളും പുതിയ ഫീച്ചറുകളിലുണ്ട്. നോട്ട് അസിസ്റ്റിലൂടെ ചെറിയ കുറിപ്പുകളും ഇത് പരിഭാഷപ്പെടുത്തുന്നതിനുള്ള സംവിധാനവുമുണ്ട്. ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ എഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളും ഈ ഫീച്ചറുകളിലുണ്ട്.