ചെന്നൈ: പുതിയ ഇസ്രോ കേന്ദ്രത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ചെറു റോക്കറ്റുകൾ വിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആർഒയുടെ പുതിയ സ്പേസ്പോർട്ട് യാഥാർത്ഥ്യമാക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാകുമെന്നാണ് നിഗമനം.
950 കോടി രൂപ മുതൽ മുടക്കിലാകും ഇത് യാഥാർത്ഥ്യമാക്കുക. ബഹിരാകാശ വ്യവസായ രംഗത്ത് പുത്തൻ സംഭാവനകൾ നൽകാൻ പുതിയ ഇസ്രോ കേന്ദ്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ തെക്കുകിഴക്ക് ദിശയിലേക്കാണ് കുതിക്കുന്നത്. എന്നാൽ പുതിയ കേന്ദ്രത്തിൽ നിന്ന് നേരെ തെക്കോട്ടേക്ക് വിക്ഷേപണം നടത്താൻ സാധിക്കും. ഇതുവഴി ഭീമമായ ഇന്ധനലാഭമാണ് ഉണ്ടാകുന്നത്.
വിക്ഷേപണങ്ങൾക്ക് കുറഞ്ഞ സമയം മാത്രമേ എടുക്കൂവെന്നും ഉയർന്ന പേലോഡ് ശേഷിയും നൽകാൻ കുലശേഖരപട്ടത്തെ കേന്ദ്രത്തിന് സാധിക്കും. ആഗോള ചെറുകിട സാറ്റ്‌ലൈറ്റ് വിപണി ലോകമെമ്പാടും അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു മുന്നേറ്റം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് ഉത്തേജനം പകരുമെന്നത് തീർച്ച. ഇതിന്ന പുറമേ നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകാനും സഹായകമാകും.















