ഉണ്ണി മുകുന്ദന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിലെ മാർക്കോ ജൂനിയർ. നിവിൻ പോളി നായകനായ ചിത്രത്തിൽ കൊടൂര വില്ലനായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തിയത്. നായകനേക്കാളേറെ ആരാധകർ ഏറ്റെടുത്തതും ഉണ്ണി മുകുന്ദന്റെ വില്ലൻ വേഷം തന്നെ. മാർക്കോയെ നായക കഥാപാത്രമാക്കി സിനിമ വരുമെന്ന് അടുത്തിടെ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു. ഇത് ആരാധകരെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഒരു അപ്ഡേറ്റഷനെപ്പറ്റി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വെള്ളിയാഴ്ച(ഫെബ്രുവരി29) വൈകിട്ട് 5 മണിക്ക് ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ ഉണ്ടാകുമെന്നാണ് മാർക്കോയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററാണോ, ടീസറാണോ പുറത്തു വരാൻ പോകുന്നത് എന്ന കാത്തിരിപ്പിലാണ് ആരാധകർ. മലയാളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിലൊന്നാകും ഹനീഫ് അദേനി ഒരുക്കുന്ന മാർക്കോ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെപ്പറ്റിയും അഭിനേതാക്കളെപ്പറ്റിയുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.