കടലാഴങ്ങളിലെ രഹസ്യങ്ങൾ ഇന്നും മനുഷ്യന് അദൃശ്യമായവയാണ്. ആഴങ്ങളിലെ നിഗൂഢതകൾ തേടിയുള്ള യാത്രകൾ പലതും ചെന്നെത്തുന്നത് ഇന്നേ വരെ കണ്ടെത്താത്ത പല ജീവജാലങ്ങളുടെയും മുന്നിലാണ്. അത്തരത്തിൽ പുതിയായി ഒരു കടലൊച്ചിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത് നിന്നാണ് ഈ ഒച്ചിനെ ഗവേഷകർ കണ്ടെത്തിയത്. പ്ലൂറോബ്രാഞ്ചിയ ബ്രിട്ടാണിക്ക എന്നാണ് പുതുതായി കണ്ടെത്തിയ ഒച്ചിന് ഗവേഷകർ പേരിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തെക്കു-പടിഞ്ഞാറൻ സമുദ്രങ്ങളിലേക്ക് ഇവ കുടിയേറിയതാകാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഇത്തരത്തിൽ അയർലൻഡിൽ നിന്നും യുകെയിൽ നിന്നും കടലൊച്ചുകളുടെ 100 വ്യത്യസ്തയിനങ്ങളെ കാണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഒരാളെ കൂടി നൽകിയതിന്റെ സന്തോഷത്തിലാണ് ഗവേഷക സമൂഹം.

കത്തിച്ചു വച്ച ഒരു ബൾബ് പോലെയായിരുന്നു കണ്ടെത്തിയ സമയത്ത് ഇതുണ്ടായിരുന്നതെന്നും ഗവേഷകർ പറഞ്ഞു. തിളക്കമാർന്ന ചർമ്മമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. പുറം ഭാഗത്ത് തോടില്ലയെന്നത് മറ്റു ഒച്ചുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. 5 സെന്റിമീറ്ററോളം വലിപ്പവും ഇവയ്‌ക്കുണ്ടാകുമെന്ന് ശാസ്ത്രലോകം അറിയിച്ചു.















