ചെന്നൈ: കുംഭകോണത്തും സമീപത്തെ നവഗ്രഹ ക്ഷേത്രങ്ങളിലേക്കും ഒരേ ദിവസം ഒറ്റ ബസിൽ യാത്ര ചെയ്യാവുന്ന രീതിയിൽ നവഗ്രഹ സ്‌പെഷ്യൽ ബസ് സർവീസ്ഓപ്പറേഷൻ ആരംഭിച്ചു. നവഗ്രഹങ്ങൾക്കു പ്രാധാന്യമുള്ള ഈ ക്ഷേത്രങ്ങളിലെ തീർത്ഥാടന പരിക്രമം നിർദ്ദിഷ്ട രീതിയിൽ പൂർത്തീകരിക്കാൻ ഉതകുന്നതാണ് ഈ ടൂറിസ്റ്റ് ബസ് സർവീസ് .
തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ( ടിഎൻഎസ്‌ടിസി ) ആണ്കാവേരി ഡെൽറ്റ ജില്ലകളിലെയും പരിസരങ്ങളിലെയും നവഗ്രഹ ക്ഷേത്രങ്ങളെ ഉൾക്കൊള്ളുന്ന പുതിയ ടെംപിൾ ടൂർ ബസ് സർവീസ് അവതരിപ്പിച്ചത്.
തിങ്കളൂർ ചന്ദ്രൻ ക്ഷേത്രം, ആലങ്കുടി ഗുരു ഭഗവാൻ, തിരുനാഗേശ്വരം രാഹു ഭഗവാൻ, സൂര്യനാർ ക്ഷേത്രം സൂര്യ ഭഗവാൻ, കാഞ്ഞനൂർ ശുക്ര ക്ഷേത്രം, വൈത്തീശ്വരൻ കോവിൽ , തിരുവെങ്കാട് ബുധൻ ക്ഷേത്രം, പെരുമ്പള്ളം കേതു ഭഗവാൻ ക്ഷേത്രം , തിരുനല്ലാർ ശനീശ്വര ക്ഷേത്രം എന്നിവിടങ്ങളിലാണ്ദർശനം നടത്തുക.
കുംഭകോണം ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 8 ന് മടങ്ങുന്ന രീതിയിൽ ഒരു ദിവസം കൊണ്ട് പര്യടനം പൂർത്തിയാകും.
ബസ് കുംഭകോണം ബസ് ടെർമിനസിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടും. ആദ്യം തിങ്കളൂർ ചന്ദ്രദേവ ക്ഷേത്രത്തിലെത്തും തുടർന്ന് 7.15ന് ആലങ്കുടിയിലെ ഗുരുസ്ഥലത്തുംഎത്തിച്ചേരും. ആലങ്കോട് പ്രഭാതഭക്ഷണത്തിന് ശേഷം 9 മണിക്ക് തിരുനാഗേശ്വരം രാഹു ക്ഷേത്രം, കാഞ്ഞനൂർ ശുക്രൻ ക്ഷേത്രം (രാവിലെ 11), വൈത്തീശ്വരൻ കോവിൽ(12.30 മുതൽ 1.30 വരെ), ഉച്ചഭക്ഷണ ഇടവേള, തിരുവെങ്കാട് ബുധൻ ക്ഷേത്രം (2.30), കീഴപെരുമ്പള്ളം കേതു ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകും. (4 pm), ഒടുവിൽ തിരുനല്ലാർ ശനീശ്വരം ക്ഷേത്രത്തിലെ (4.45 pm), ദർശനത്തിനു ശേഷം ഈ ബസ് രാത്രി 8 മണിക്ക് കുംഭകോണം ടെർമിനസിലെത്തും.

ബസ് ടൂർ മൊത്തം 296 കിലോമീറ്റർ സഞ്ചരിക്കും.ഒരാൾക്ക് 750 രൂപ നിരക്കിലാണ് ടിക്കെറ്റ്. ടിക്കറ്റിൽ യാത്ര, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഒമ്പത് ക്ഷേത്രങ്ങളിലെ സന്ദർശനം എന്നിവ ഉൾപ്പെടുന്നു.ഓരോ ക്ഷേത്രത്തിലും യാത്രക്കാർക്ക് 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ സമയം ചെലവഴിക്കാൻ അനുവദിക്കും, പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണ ഇടവേളയ്‌ക്കും മതിയായ സമയം അനുവദിച്ചിട്ടുണ്ട്.
നിലവിൽ വാരാന്ത്യങ്ങളിലാണ് ഈ സർവീസ് ഉള്ളത്. മാർച്ച് മാസത്തേക്കുളള മുഴുവൻ ടിക്കെറ്റുകളും ഇതിനോടകം വിറ്റു തീർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.മാർച്ച് ഏഴ് മുതൽ വ്യാഴാഴ്ചകളിലും പ്രത്യേക ബസ് സർവീസുകൾ നടത്തും.
നവഗ്രഹ സ്പെഷ്യൽ ബസുകൾ ഏപ്രിൽ 1 മുതൽ ദിവസവും സർവീസ് നടത്തും. ഈ ബസിന്റെ ബുക്കിംഗ് tnstc ആപ്പ് വഴിയോ www.tnstc.in എന്ന വെബ്‌സൈറ്റ് വഴിയോ ചെയ്യണം.
തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന അറുപടൈ വീട് എന്നറിയപ്പെടുന്ന മുരുകന്റെ ആറ് പ്രമുഖ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി സമാനമായ സർവീസുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. നവഗ്രഹ ക്ഷേത്രയാത്രയിൽ നിന്ന് വ്യത്യസ്തമായി, TNSTC യുടെ വിവിധ ഡിവിഷനുകൾ ഉൾപ്പെടുന്ന അറുപടൈ വീട് ബസ് സർവീസ് കുറച്ച് ദിവസമെടുത്താകും പൂർത്തിയാക്കുക.















