മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്ത്യയിൽ എത്തി ചായ കുടിച്ച കഥ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്. നാഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് സമീപം ചായ വിൽപ്പനക്കാരനായ ഡോളി ചായവാലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വളരെ വ്യത്യസ്ത രീതിയിൽ ചായ അടിക്കുന്ന ഈ ഡോളി ചായവാലയുടെയും ബിൽഗേറ്റന്റെയും ചിത്രമാണ് ഇപ്പോൾ അമുലും പങ്കുവച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ അമുൽ പങ്കുവച്ച ചായവാലയുടെയും ബിൽഗേറ്റിന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
ചായവാലയുടെ കയ്യിൽ നിന്നും ചായയും ബ്രഡും ബട്ടറും വാങ്ങി കഴിക്കുന്ന ബിൽഗേറ്റിന്റെ ചിത്രമാണ് അമുൽ പങ്കുവച്ചിരിക്കുന്നത്. ‘ചായ്‌ക്രോസോഫ്റ്റ്’ എന്ന തലക്കെട്ടോടെ പങ്കുവച്ച ചിത്രത്തിന് നിമിഷനേരങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക്‌സ് നേടാൻ സാധിച്ചു. ‘ അമുൽ രുചിയിലേക്കുള്ള വഴി’ എന്ന അടിക്കുറിപ്പും ബ്രാൻഡ് നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 29നാണ് ഇന്ത്യയിലെത്തിയ ബിൽഗേറ്റ് ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന വിൽപനക്കാരനിൽ നിന്നും ചായ വാങ്ങി കുടിച്ചത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ അനുകരിച്ചാണ് വിൽപനക്കാരൻ ചായ തയ്യാറാക്കുന്നതും അത് നൽകുന്നതും. ബിൽഗേറ്റ്‌സിൽ നിന്നും പണം വാങ്ങിയതു പോലും വ്യത്യസ്തമായ രീതിയിലാണ്. എന്നാൽ തനിക്ക് മുന്നിൽ നിന്ന് ചായ കുടിക്കുന്നത് ബിൽഗേറ്റാണെന്ന വസ്തുത പോലും അദ്ദേഹം ചിലപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നിരുന്നാലും ഇന്ത്യയിൽ എവിടെയും നിങ്ങൾക്ക് പുതുമ കണ്ടെത്താനാവുമെന്ന അടിക്കുറിപ്പോടെ ബിൽഗേറ്റ് പങ്കുവച്ച വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിലാണ് തരംഗം സൃഷ്ടിച്ചത്.















