ലക്നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചുവെന്നും അധികാരത്തിലെത്തിയതിന് ശേഷം അവർ അപ്രത്യക്ഷരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഡിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
30-35 വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ പോലും കോൺഗ്രസ് നടപ്പിലാക്കിയിട്ടില്ല. രാജ്യം വികസിതമാകുന്നതും ജനങ്ങൾ പരസ്പരം സ്നേഹത്തോടെ പെരുമാറുന്നതും ഇൻഡി സഖ്യത്തിന്റെ ഉറക്കം കെടുത്തുന്നു. പതിറ്റാണ്ടുകളായി ജാതീയതയും പ്രീണന രാഷ്ട്രീയവുമാണ് ജനങ്ങൾ കാണുന്നത്. എന്നാൽ വികസനം എന്താണെന്ന് കഴിഞ്ഞ പത്ത് വർഷ കാലത്തെ ഭരണത്തിലൂടെ ഞങ്ങൾ കാണിച്ചുകൊടുത്തു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഉത്തർപ്രദേശിൽ വികസനത്തിന്റെ രാഷ്ട്രീയം ജനങ്ങൾ കണ്ടു. നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന് ചിലർ പറയുന്നു. എന്നാൽ ഞാൻ ആവർത്തിക്കുകയാണ്, രാജ്യത്തെ 140 കോടി ജനങ്ങളും എന്റെ കുടുംബാംഗങ്ങളാണ്- പ്രധാനമന്ത്രി പറഞ്ഞു.