ഓസ്ട്രേലിയയിൽ താമസിക്കുന്ന ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഭർത്താവെന്ന് സംശയം. ചൈതന്യ ശ്വേത എന്ന 36-കാരിയാണ് മരിച്ചത്. ബക്ലെ ടൗണിലെ മൗണ്ട് പൊള്ളോക്ക് റോഡിലെ ചവറ്റുകുട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്.ഹൈദരാബാദിലെ എ.എസ് റാവു നഗർ സ്വദേശിയാണ് ശ്വേത.
ഇയാൾ ഏക മകനൊപ്പം ഇന്ത്യയിലേക്ക് കടന്നു. കുട്ടിയെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷം മുങ്ങിയെന്നാണ് വിവരം. ശ്വേതയ്ക്കും ഭർത്താവ് അശോക് രാജിനും മകനും ഓസ്ട്രേലിയൻ പൗരത്വമുണ്ടെന്നാണ് അവിടുത്തെ പോലീസ് നൽകുന്ന വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് അറിയുന്നത്. മകനെ ഭാര്യയുടെ രക്ഷിതാക്കളെ ഏൽപ്പിച്ച ശേഷം ഇയാൾ അവരോട് കുറ്റ സമ്മതം നടത്തിയെന്നാണ് വിവരം. എന്നാൽ കൊലയ്ക്കുള്ള കാരണം വ്യക്തമല്ല.
ഓസ്ട്രേലിയലിലെ വിക്ടോറിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പോയിന്റെ കുക്കിലെ ഇവരുടെ വീട്ടിലും വ്യാപക പരിശോധന നടത്തി. മാതാപിതാക്കളുടെ ആവശ്യപ്രകാരം ശ്വേതയുടെ മതൃദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.