ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ‘നമോ ഡ്രോൺ ദീദീസ്’ പ്രദർശനത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശാക്തീകരണത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയാണ് നമോ ഡ്രോൺ ദീദീസ്. ഇത് ഗ്രാമത്തിലെ സ്ത്രീകൾക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നു. കൃഷിക്കും ജലസേചനത്തിനും കർഷകരെ സഹായിക്കുക എന്നതാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
നമോ ഡ്രോൺ ദീദീസ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് 1,000 ഡ്രോണുകൾ പ്രധാനമന്ത്രി കൈമാറി. ഈ പദ്ധതിയിലൂടെ ഡ്രോൺ കൈകാര്യം ചെയ്യുന്നതിനായി ഗ്രാമത്തിലെ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വയംഭരണവും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിരവധി സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം കൃത്യമായി ലഭ്യമാകും.
സശക്ത് നാരി-വികസിത് ഭാരത് പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പരിപാടിയെ അഭിസംബോധന ചെയ്തു. വീട്ടുജോലികളിൽ ഒതുങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് രാഷ്ട്ര നിർമ്മാണത്തിന് സംഭാവനകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അദ്ധ്യായം രചിക്കും. ഇതിന് രാജ്യത്തെ ജനങ്ങൾ സാക്ഷ്യം വഹിക്കും. നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളാണ് സ്ത്രീകൾ. സ്ത്രീ ശാക്തീകരണമുള്ള രാജ്യത്തിന് മാത്രമേ അതിവേഗം മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള അവസരങ്ങൾ ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.