കോഴിക്കോട്: പെരുവയൽ പൊൻ പറക്കുന്നിൽ തീപിടിത്തം. കുന്നിലെ പുല്ലുകൾക്കാണ് തീപിടിച്ചത്. നാട്ടുകാർ പുക ഉയരുന്നത് കണ്ടാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തറയിൽപടർന്ന് കിടന്ന പുല്ല് പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
സമീപ പ്രദേശത്ത് നിന്നും പുല്ലുകളിലേക്കാണ് തീ ആദ്യം പടർന്നത്. തുടർന്ന് കുന്നിന്റെ മുകൾ ഭാഗത്തേക്ക് തീ ആളി പടരുകയായിരുന്നു. വേനൽക്കാലമായതിനാൽ പുല്ല് ഉണങ്ങി കിടന്നിരുന്നതിനാലാണ് ഇത്ര വലിയ തീപിടിത്തമുണ്ടാകാൻ കാരണമായത്. നാൽക്കാലികൾ മേയുന്നിടത്താണ് തീപടർന്നത്. സംഭവ സമയത്ത് നാൽക്കാലികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.