വേനൽക്കാലമായത് കൊണ്ട് തന്നെ സൗന്ദര്യകാര്യത്തിലും അൽപം ശ്രദ്ധിക്കേണ്ട സമയമാണെന്ന് നമുക്കറിയാം. കരിവാളിപ്പാണ് എല്ലാവരെയും പൊതുവായി അലട്ടുന്ന പ്രധാന പ്രശ്നം. ഈ സൺ ടാൻ മാറ്റുക എന്നത് അൽപം പ്രയാസപ്പെടുന്ന കാര്യമാണെന്നാണ് നമ്മളിൽ പലരും ധരിച്ചിരിക്കുക. എന്നാൽ പരിഹാരമുണ്ട്. എത്ര ചൂടിനെയും കരിവാളിപ്പിനെയും പമ്പ കടത്താം… വഴിയുണ്ട്.
എല്ലാ വീട്ടിലും സർവസാധാരണമാണ് കാരറ്റ്. അടുക്കളയിൽ മാത്രമല്ല, ചർമമ സംരക്ഷണത്തിലും കാരറ്റിനുള്ള പങ്ക് ഏറെ വലുതാണ്. ബീറ്റാ കരോട്ടിൻ, കരോട്ടിനോയിഡുകൾ, വൈറ്റമിൻ എ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ചർമത്തിന് തിളക്കം നൽകാനും ചുളിവുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കാരറ്റ് ഓയിൽ. വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതിനാൽ തികച്ചും പ്രകൃതിദത്തമാണെന്ന് നിസംശയം പറയാം. കാരറ്റ് ഓയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ…
ശുദ്ധമായ വെളിച്ചെണ്ണയിലാണ് കാരറ്റ് ഓയിൽ തയ്യാറാക്കേണ്ടത്. കാരറ്റ് തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. എണ്ണ ഒഴിച്ച് കാരറ്റ് ചേർത്ത് ഇളക്കുക. കാരറ്റ് വഴണ്ട് വരുമ്പോൾ കാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും. ഈ വെളിച്ചെണ്ണ കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കാവുന്നതാണ്. ദിവസവും ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാവുന്നതാണ്.