തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും കോൺഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂർ സതീഷ് അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷയായിരുന്നു പദ്മിനി തോമസ്. ഇവരോടൊപ്പം മകനും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവുമായി അസ്വാരസ്യങ്ങളുണ്ടായതിന് പിന്നാലെയാണ് തമ്പാനൂർ സതീഷ് പദവി രാജിവച്ചത്. തുടർന്ന് ബിജെപിയിലേക്ക് എത്തുകയായിരുന്നു. കൂടാതെ ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപിയിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.
ബിജെപിയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പമാണ് ഇവർ പാർട്ടി ഓഫീസിലെത്തിയത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.