വയനാട്: നിർമ്മാണത്തിലിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറുകൾ മുറിച്ചുമാറ്റി. വയനാട് അമ്പലവയലിലാണ് സംഭവമുണ്ടായത്. അമ്പലവയലിലെ ദേവിക്കുന്ന് മില്ലിന് സമീപത്തെ വീട്ടിലാണ് സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കയറിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
അമ്പലവയൽ സ്വദേശി മാർട്ടിൻ- ഷീബ ദമ്പതികളുടെ വീട്ടിലാണ് അക്രമികളെത്തിയത്. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായതാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്നത്. രാവിലെ ജോലിക്കാർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.